അഞ്ചു വയസിൽ താഴെയുള്ള 45 ശതമാനം കുട്ടികളുടെയും മരണത്തിന് മൂലകാരണം പോഷകാഹാരക്കുറവാണ്. പോഷകാഹാരക്കുറവുമൂലമുള്ള പ്രത്യാഘാതങ്ങൾ ഗുരുതരവും ജീവിതകാലം മുഴുവൻ നിലനിൽക്കുന്നതും പരിഹരിക്കാനാവാത്തതുമാണ്. ബുദ്ധിവികാസം, വിദ്യാഭ്യാസം എന്നിവയെ വളർച്ചാ മുരടിപ്പ് ദോഷകരമായി ബാധിക്കും. ഉദാസീനത, മന്ദത, കളികളിലും മറ്റു പ്രവൃത്തികളിലും ഏർപ്പെടാനുള്ള താൽപര്യക്കുറവ് എന്നിവയ്ക്ക് ഇതു കാരണമാകുന്നു. 12 മുതൽ 36 മാസങ്ങൾക്കുള്ളിലെ വളർച്ചാ മുരടിപ്പ് കുട്ടികളെ പഠനത്തിൽ പിന്നിലാക്കുന്നു.
ആവശ്യത്തിന് ഭക്ഷണ ലഭ്യതയുണ്ടെങ്കിലും മുലയൂട്ടൽ, പോഷകാഹാരം നൽകൽ, കുഞ്ഞിനെ പരിപാലിക്കൽ എന്നിവയിലെ വീഴ്ചകൾ, ചികിത്സാ സൗകര്യങ്ങൾ ലഭിക്കാതിരിക്കൽ, ശുദ്ധജലം കിട്ടാത്ത അവസ്‌ഥ, വൃത്തിക്കുറവ് എന്നിവ പോഷകാഹാരക്കുറവിന് കാരണമാകുന്നതായി വിവിധ പഠനങ്ങൾ വ്യക്‌തമാക്കുന്നു. ഇന്ത്യയിൽ അഞ്ചു വയസിൽ താഴെയുള്ള കുട്ടികളിൽ 26 ശതമാനത്തിന് തൂക്കക്കുറവും 64 ശതമാനത്തിന് അനീമിയയുമുണ്ട്. ഇതിൽ സമ്പന്നരുടെ കുട്ടികളും ഉൾപ്പെടുന്നു. സാമ്പത്തിക വികസനം പോഷകനില മെച്ചപ്പെടുത്തുമെങ്കിലും മുലയൂട്ടൽ, കുഞ്ഞുങ്ങളുടെ മികച്ച പരിപാലനം, ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും ചികിത്സ ലഭ്യമാക്കൽ, ശുദ്ധജലം, ശുചിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതാണ് പോഷകാഹാരക്കുറവ് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.